ഹൂസ്റ്റൺ: കേരളത്തിലെ യുഡിഎഫ് ചരിത്രവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന ശക്തമായ പിന്തുണ അറിയിക്കാനുമായി ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ യുഡിഎഫ് -കോൺഗ്രസ് പ്രവർത്തകരുടെ വിപുലമായ യോഗം ചേർന്നു.
പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച യുഡിഎഫ് വിജയം കേരള രാഷ്ട്രീയത്തിലെ നിർണായകമായ ഒരു വഴിത്തിരിവാണെന്ന് യോഗത്തിൽ സംസാരിച്ചവർ വിശേഷിപ്പിച്ചു. മാറ്റത്തിനും സുതാര്യമായ ഭരണത്തിനും വികസനത്തിനുമായാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് അവർ ഊന്നിപ്പറഞ്ഞു.
102 സീറ്റുകൾ നേടി യുഡിഎഫ് കൈവരിച്ച ഉജ്വല വിജയം വി.ഡി. സതീശന്റെ നേതൃത്വത്തിലും കാഴ്ചപ്പാടിലും ജനങ്ങൾക്കുള്ള വർധിച്ചുവരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് യോഗം വിലയിരുത്തി.
വി.ഡി. സതീശന്റെ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങൾ, ഊർജസ്വലമായ നേതൃത്വം, ഭയരഹിതമായ പ്രതിപക്ഷ പ്രവർത്തനം, സുസംഘടിതമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവയാണ് യുഡിഎഫിന്റെ ഈ വൻ വിജയത്തിന്റെ നട്ടെല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
അഴിമതിക്കും രാഷ്ട്രീയ അക്രമങ്ങൾക്കും ഭരണപരാജയങ്ങൾക്കുമെതിരേ അദ്ദേഹം നടത്തിയ നിരന്തരമായ പോരാട്ടം കേരളത്തിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞതായി അവർ അഭിപ്രായപ്പെട്ടു.
വാവച്ചൻ മത്തായി സ്വാഗതം ആശംസിച്ചതോടെ യോഗം ആരംഭിച്ചു. ലോകമെമ്പാടുമുള്ള യുഡി.എഫ് പ്രവർത്തകരുടെ ഐക്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു.